SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അത്യപൂര്‍വ കാഴ്ചയുമായി മ്യൂറല്‍ ചിത്രങ്ങള്‍
December 8, 2012, 2:40 am

ചരിത്രത്തിലിതുവരെ കാണാത്ത അത്യപൂര്‍വ മ്യൂറല്‍ ചിത്രങ്ങള്‍ കണ്ടെത്തി. ആലപ്പുഴ തുറവൂര്‍ മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുകളില്‍ കണ്ടെത്തിയ ചിത്രങ്ങളാണ് കേരളത്തിലെ ചുവര്‍ചിത്ര സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതുന്നത്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഫൈന്‍ ആര്‍ട്സ് കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായി ചുവര്‍ചിത്ര വിഭാഗം തുറവൂര്‍ ക്ഷേത്രത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് മുന്നൂറു വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന വലുതും ചെറുതുമായ അപൂര്‍വ ചിത്രങ്ങള്‍ കണ്ടെത്തിയത്.  ശ്രീകോവിലിന്റെ മുകളിലത്തെ നിലയിലുണ്ടായിരുന്ന ചിത്രങ്ങള്‍ പൊടിയും അഴുക്കും പിടിച്ച് ശോചനീയാവസ്ഥയിലായിരുന്നു. കേരളത്തില്‍ ഏകദേശം 180ഓളം ചുവര്‍ ചിത്രങ്ങളുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ കണക്ക്. തുറവൂരില്‍ കണ്ടെത്തിയൊരു ചിത്രത്തില്‍ ശ്രീരാമന്‍ സുഗ്രീവന്റെ മടിയില്‍ തലചായ്ച്ച് കിടന്ന് അസ്ത്രങ്ങള്‍ പരിശോധിക്കുന്നതാണ്. ഇതില്‍ ശ്രീരാമന്റെ കാല്‍ ഹനുമാന്റെ മടിയിലാണ്. ലക്ഷ്മണനുമുള്‍പ്പെടുന്ന ചിത്രത്തില്‍ ഹനുമാന്റെ ചിത്രീകരണമാണ് ഏറെ ശ്രദ്ധേയം. തെയ്യത്തിന്റെ മുഖത്തോടുകൂടിയ ഹനുമാന്‍ രൌദ്രഭാവത്തിലാണ്. വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ തീവ്രതയാര്‍ന്ന മുഖത്തെഴുത്താണ് ചിത്രകാരന്‍ ഇവിടെ ഹനുമാന് നല്‍കിയിരിക്കുന്നത്.  തെയ്യത്തിന്റെ മുഖത്തെഴുത്ത് ഹനുമാനു നല്‍കിയതുവഴി വടക്കന്‍ കേരളവുമായി ബന്ധപ്പെട്ട ആരോ ആണ് ചിത്രങ്ങള്‍ വരച്ചതെന്ന് കരുതുന്നു. കഥകളിയുടെ കത്തിവേഷത്തില്‍, ഹനുമാന്റെ വാലില്‍ തീ പിടിപ്പിക്കാന്‍ അമ്പുമായെത്തുന്ന മേഘനാഥനാണ് തുറവൂര്‍ ക്ഷേത്രം കരുതി വെച്ചിരുന്ന മറ്റൊരു അല്‍ഭുതം. കഥകളിയെ രാമായണ മ്യൂറല്‍ ചിത്രകലയിലേക്ക് മാറ്റാന്‍ കലാകാരന്‍ ശ്രമിച്ചു. അന്നത്തെ നിയമങ്ങള്‍ ഇതനുവദിക്കാത്തതിനാല്‍ ആര്‍ക്കും എളുപ്പം കണ്ടെത്താന്‍ പറ്റാത്ത സ്ഥലത്ത് മുകള്‍ത്തട്ടിലാണ് ചിത്രം വരച്ചിരുന്നത്. ആറുമാസംകൊണ്ട് ചുവര്‍ചിത്രങ്ങള്‍ പുനസ്ഥാപിക്കാനാണ് ജോലിയേറ്റെടുത്തിരിക്കുന്നവരുടെ ശ്രമം.