SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇന്ത്യ-കുവൈത്ത് നയതന്ത്രബന്ധം ശക്തിപ്പെടുന്നു
December 26, 2012, 1:59 am

കുവൈത്ത്: ഇന്ത്യ-കുവൈത്ത് ബന്ധം കൂടുതല്‍ ശക്തിപ്പെട്ടുവരുന്നു. 2012-ല്‍ വിവിധ മേഖലകളില്‍ ഇന്ത്യ വമ്പിച്ച നേട്ടമാണ് കൈവരിച്ചത്. വാണിജ്യ-വ്യസസായ-വിദ്യാഭ്യാസ-പെട്രോകെമിക്കല്‍-വാര്‍ത്താവിനിമയ മേഖലകളില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന സുശക്തമായ നയതന്ത്രബന്ധത്തിലൂടെ ഇന്ത്യ അഭൂതപൂര്‍വമായ പുരോഗതിയാണ് കൈവരിച്ചതെന്ന് ഇന്ത്യന്‍ എംബസിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സതീഷ് സി.മേത്ത വിശദീകരിച്ചു. 2012-ല്‍ 17.5 ബില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതുവര്‍ഷമായ 2013 വലിയ പ്രതീക്ഷയുടെ വര്‍ഷമാണ്. വികസനത്തിന്റെ പുതിയ മുഖമാണ് പുതിയ പാര്‍ലമെന്റും മന്ത്രിസഭയും കുവൈത്തില്‍ വിളംബരം ചെയ്യുന്നത്. അതിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ തലത്തില്‍ തുടരുന്നത്. കുവൈത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ വലിയ പ്രാധാന്യത്തോടെയാണ് മുന്നോട്ടുവന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി തൊഴില്‍ സാധ്യതയും വലിയ തോതില്‍ വര്‍ധിക്കുമെന്നതില്‍ സംശയമില്ല. നിലവില്‍ 2011 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 6,41,000 ഇന്ത്യക്കാര്‍, അവരില്‍ 2,44,000 ഗാര്‍ഹിക തൊഴിലാളികളുമാണ് കുവൈത്തിലുള്ളത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുമെന്നും ഇവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ തെളിയുന്നതായും സ്ഥാനപതി വ്യക്തമാക്കി. കുവൈത്ത്-ഇന്ത്യാബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിനായി വിദേശകാര്യ കണ്‍സള്‍ട്ടന്‍സി ആരംഭിച്ചത് വലിയ നേട്ടമായതായി അദ്ദേഹം പറഞ്ഞു. ഡിസംബറില്‍ ചേരേണ്ട യോഗം കുവൈത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കേണ്ടിവന്നെങ്കിലും 2013 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ യേഗം ചേരും. എംബസിയുടെ കീഴില്‍ ആദ്യമായി കമ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസറെ നിയമിക്കുന്നതിനും ഓപ്പണ്‍ ഹൌസ് കൂടുതല്‍ സജീവമാക്കുന്നതിനും കഴിഞ്ഞവര്‍ഷം സാധിച്ചു. ഓപ്പണ്‍ സൌസ് ശരാശരി 35-40 കോഴ്സുകള്‍ക്ക് പരിഹാരം കാണുന്നുണ്ട്. ഇന്ത്യന്‍ എംബസിയുടെ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട് പ്രത്യേകിച്ചും ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നപരിഹാരം, സ്പോണ്‍സറുടെ സൌഹൃദചര്‍ച്ചകളുടെ വെളിച്ചത്തില്‍ രമ്യപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരുന്നതായും കോണ്‍സുലര്‍ സര്‍വീസുമായി ബന്ധപ്പെട്ട പരാതികളുടെയടിസ്ഥാനത്തില്‍ ഉടന്‍ പരിഹാരം നിര്‍ദേശിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.