SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇ. ഗോപികക്ക് ജപ്പാനില്‍ അക്ഷരശ്ലോക പരിപാടി അവതരിപ്പിക്കാന്‍ അവസരം
August 12, 2011, 11:53 pm


സംസ്ഥാന സ്‌കൂള്‍ കലോത്സവ അക്ഷരശ്ലോക മത്സരത്തിലെ ഒന്നാംസ്ഥാനക്കാരി മുക്കം നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഇ. ഗോപികക്ക് ജപ്പാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക വിനിമയ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഇന്ത്യയിലെ വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് മെയില്‍ ജപ്പാനിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്ത് ഗോപികയ്ക്ക് അക്ഷരശ്ലോകസദസ്സ് അവതരിപ്പിക്കാം.

ജപ്പാന്‍ഈസ്റ്റ് ഏഷ്യ നെറ്റ്‌വര്‍ക്ക് ഓഫ് എക്‌സ്‌ചേഞ്ച് ഫോര്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് പ്രോഗ്രാം എന്ന പരിപാടിയിലേക്ക് ഇന്ത്യയില്‍നിന്ന് മാനവ വിഭവശേഷി മന്ത്രാലയം മുഖേനയാണ് പ്രതിനിധികളെ അയയ്ക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പാണ് ഗോപികയെ ഇതിലേക്ക് തിരഞ്ഞെടുത്തത്. ജപ്പാനില്‍ പോകാന്‍ യാത്രയ്ക്ക് ആവശ്യമായ രേഖകള്‍ ഡി.പി.ഐ. ഓഫീസിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലയാളം അക്ഷരശ്ലോകത്തില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനവും സംസ്‌കൃതം അക്ഷരശ്ലോകത്തില്‍ ബി ഗ്രേഡും ഗോപികയ്ക്ക് ലഭിച്ചിരുന്നു. ഓമശ്ശേരി വെണ്ണക്കോട് ഇളമന ഇല്ലത്ത് അനിയന്‍ നമ്പൂതിരിയുടെയും (തിരുവമ്പാടി കല്പുഴായി ശിവക്ഷേത്രം പൂജാരി) പ്രഭയുടെയും ഏക മകളാണ് ഗോപിക. അക്ഷരശ്ലോകത്തില്‍ തത്പരരായ മാതാപിതാക്കളില്‍നിന്ന് ശ്ലോകങ്ങള്‍ കേട്ടുപഠിച്ചാണ് ഗോപികയും ഈ രംഗത്തെത്തിയത്. ശാസ്ത്രീയസംഗീതവും പഠിക്കുന്നുണ്ട്. അരനൂറ്റാണ്ടോളമായി കോഴിക്കോട്ടു പ്രവര്‍ത്തിക്കുന്ന  അക്ഷരശ്ലോക കലാസമിതിയില്‍നിന്നാണ് ഗോപികയ്ക്ക് പരിശീലനം ലഭിച്ചത്.