ഒരിക്കല്‍ ചൈനയിലെ ചക്രവര്‍ത്തി ബോധിധര്‍മ്മനെ ചെന്നുകണ്ടു ചോദിച്ചു. എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. മനഃസമാധാനം കിട്ടാനായി ഞാനെന്തു ചെയ്യണം? ബോധിധര്മ്മന് പ്രതിവചിച്ചു, ഒരുകാര്യം ചെയ്യൂ. നിങ്ങളുടെ മനസ്സിനെ എന്റെ മുന്നില്‍ കൊണ്ടുവരൂ. ഞാനത് നേരെയാക്കിത്തരാം. അങ്ങെന്താണ് പറയുന്നത് ചക്രവര്‍ത്തി ചോദിച്ചു. പ്രഭാതത്തില്‍ 4 മണിക്ക് ഇവിടെയാരും ഇല്ലാത്ത സമയത്ത് ഏകനായി വരൂ. മറക്കാതെ നിങ്ങളുടെ മനസ്സിനേയും കൂടെകൊണ്ടുവരു. ബോധിധര്മ്മന് പറഞ്ഞു. അന്നു രാത്രി മുഴുവനും ചക്രവര്‍ത്തിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പല പ്രാവശ്യം ആ കാര്യമേ വേണ്ടെന്നു വയ്ക്കാന്‍ നിശ്ചയിച്ചു. ഒടുവില്‍ ചക്രവര്‍ത്തി ചിന്തിച്ചു. ‘ആ മനുഷ്യനില്‍ തേജസ്സുമുറ്റുന്ന ഒരു പരിവേഷമുണ്ട്. അയാളില്‍ എന്തോ ഒന്ന് അസാധാരണമായി ഉണ്ടായിരിക്കണം. ഞാന്‍ ചെന്നിട്ട് എന്ത് സംവഭിക്കുമെന്ന് നോക്കട്ടെ’. ചക്രവര്‍ത്തി പിറ്റേന്ന് പ്രഭാതത്തില്‍ ബോധിര്മ്മന്റെ സമീപത്തെത്തിച്ചേര്ന്നപ്പോള് അദ്ദേഹം ചോദിച്ചു. നിങ്ങള്‍ എത്തി അല്ലേ? നിങ്ങളുടെ മനസ്സെവിടെ? അതിനെ നിങ്ങള്‍ കൂടെ കൊണ്ടുവന്നിട്ടില്ലെ? ചക്രവര്‍ത്തി പറഞ്ഞു, ഞാന്‍ ഇവിടെ ഉള്ളപ്പോള്‍ എന്റെ മനസ്സും ഇവിടെയുണ്ട്. എവിടെയെങ്കിലും വച്ച് എനിക്ക് ഉപേക്ഷിച്ചുപോകാന്‍ പറ്റുന്ന ഒന്നല്ല അത്. അത് എന്റെ ഉള്ളിലാണ്. ശരി നിങ്ങളുടെ ഉള്ളിലാണ് എന്നത് നിങ്ങള്‍ സമ്മതിച്ചല്ലോ. ബോധിധര്മ്മന് പറഞ്ഞു. ഇനി നിങ്ങള്‍ കണ്ണുകളടയ്ക്കുക. ഉള്ളിലേക്ക് ചെല്ലുക, അത് കൃത്യമായി എവിടെയാണുള്ളതെന്ന് കണ്ടുപിടിച്ച് എനിക്ക് കാണിച്ചുതരിക. ഞാന്‍ അതിനെ ശാന്തമാക്കാം. ചക്രവര്‍ത്തി കണ്ണുകളടച്ചു. മനസ്സിനെ കണ്ടുപിടിക്കാന്‍ വീണ്ടും ശ്രമിച്ചുനോക്കി അന്വേഷിക്കുന്തോറും മനസ്സ് എന്നൊന്നില്ല എന്നും മനസ്സ് അത് ഒരു കര്‍മ്മം മാത്രമാണെന്നും അയാള്‍ക്ക് ബോധ്യമായിക്കൊണ്ടിരുന്നു. ഒടുവില്‍ തന്റെ അന്വേഷണത്തിന്റെ വ്യര്‍ഥത അയാള്‍ക്ക് പെട്ടന്ന് ബോധ്യമായി. കണ്ണുകള്‍ തുറന്ന് ബോധിധര്‍മ്മനെ പ്രണമിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു കണ്ടുപിടിക്കപ്പെടാന്‍ മനസ്സ് എന്നൊന്നില്ല. ചിരിയോടെ ബോധിധര്മ്മന് പറഞ്ഞു, ‘എങ്കില്‍ ഞാനതിനെ ശാന്തമാക്കി കഴിഞ്ഞു. നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുമ്പോഴൊക്കെ നില്ക്കുക, ഉള്ളിലേക്ക് ചെല്ലുക, പ്രശ്നത്തിന്റെ മൂല്യം കണ്ടുപിടിക്കാന്‍ ശ്രമിക്കുക, ആ പ്രശ്നം സത്യത്തില്‍ ഇല്ലാത്തതായിരുന്നു എന്ന് നിങ്ങള്‍ക്ക് വെളിവാകും’.
(മനസ്സും അത് സൃഷ്ടിക്കുന്ന ചിന്തകളും മുയല്കൊമ്പിന് തുല്യമാണ്).