SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മലാല ആശുപത്രി വിട്ട് വീട്ടിലേക്ക്
January 5, 2013, 1:39 am

ലണ്ടന്‍: ഭീകരരുടെ വെടുയുണ്ടകള്‍ക്കു കീഴടങ്ങാത്ത മനക്കരുത്തുമായി മലാല യൂസഫ്സായി ആശുപത്രി വിട്ടു വീട്ടിലേക്ക്. പൂര്‍ണസുഖപ്രാപ്തിക്കു ചികല്‍സയുടെ വഴിയേ ഇനിയും അവള്‍ക്ക് ഏറെ സഞ്ചരിക്കേണ്ടതുണ്ട്. എങ്കിലും ലോകമെങ്ങും നിന്ന് ഉയരുന്ന പ്രാര്‍ഥനകള്‍ മുന്നോട്ടുളള യാത്രയ്ക്കു കരുത്തേകുന്നു. പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനു താലിബാന്‍ ഭീകരരുടെ വെടിയേറ്റ പതിനഞ്ചുകാരി വിദ്യാര്‍ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായാണ് ബര്‍മിങ്ങാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടതുകണ്ണിന് തൊട്ടുമുകളില്‍ നെറ്റിയില്‍ വെടിയുണ്ട തറച്ചുകയറിയിരുന്നു. ആശുപത്രിവിട്ട കുട്ടി വെസ്റ്റ് മിഡ്ലാഡ്സിലെ താല്‍ക്കാലിക വസതിയില്‍ കുടുംബത്തോടൊപ്പം താമസിച്ചു തുടര്‍ചികിത്സയ്ക്കു വിധേയമാകും. തലയോട്ടിയുടെ തകര്‍ന്ന ഭാഗം പുനര്‍നിര്‍മിക്കുന്ന ശസ്ത്രക്രിയയ്ക്കായി ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യമോ വീണ്ടും ആശുപത്രയില്‍ പ്രവേശിപ്പിക്കും. മാതാപിതാക്കള്‍ക്കും രണ്ടു സഹോദരന്മാര്‍ക്കും ഒപ്പം കഴിയുന്നത് മലാലയുടെ സുഖപ്രാപ്തിക്കു സഹായമാകുമെന്നു വിലയിരുത്തിയാണു ഡിസ്ചാര്‍ജ് ചെയ്തതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ മലാലയ്ക്കും കുടുംബത്തിനും ബ്രിട്ടനില്‍ താമസിക്കുന്നതിനു സൌകര്യമൊരുക്കി.