![]() |
![]() |
|
ഏരൂര്‍ പാമോയില്‍ മില്ലില്‍ ബോയിലറിന്റെ ഉദ്ഘാടനം ഏഴിന്
January 4, 2013, 2:42 am
കൊല്ലം: ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ഏരൂര്‍ എസ്റ്റേറ്റില്‍ പാമോയില്‍ മില്ലില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 12 ടണ്‍ ബോയിലിന്റെ ഉദ്ഘാടനം തിങ്കളാഴ്ച 11ന് മന്ത്രി കെ.പി മോഹനന് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ചെയര്മാന് ഷേയ്ക്ക് പി.ഹാരീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി തുടങ്ങുന്ന കമ്മ്യൂണിറ്റി സെന്ററിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിക്കും. കെ.രാജു എം.എല്‍.എ അധ്യക്ഷത വഹിക്കും. എന്‍.പീതാംബരക്കുറുപ്പ് എം.പി മുഖ്യാതിഥിയാകും. ആധുനിക സൌകര്യങ്ങളുളള പാം ഓയില്‍ ഫാക്ടറിയും എണ്ണപ്പനക്കുരുവില് നിന്ന് കെര്‍ണര്‍ ഓയില്‍ ഉത്പാദിപ്പിക്കുന്ന കെര്ണല് ഫാക്ടറിയും കമ്പനിക്കുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യയിലാദ്യമായി എണ്ണപ്പന കൃഷിയാരംഭിച്ചു. തൊടുപുഴയില്‍ നിന്നുളള വിത്തുത്പാദന കേന്ദ്രത്തില്‍ നിന്ന് 10ലക്ഷം വിത്തുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഓയില്‍പാം വികസനപദ്ധതി പ്രകാരം എണ്ണപ്പനകൃഷിക്കാര്ക്ക് ഹെക്ടറിന് 23,000 രൂപ വരെ സബ്സിഡി നല്‍കുന്നുണ്ട്. ഇതിലൂടെ 1500 ഹെക്ടര്‍ സ്ഥലത്ത് എണ്ണപ്പനകൃഷി വ്യാപിച്ചിട്ടുണ്ട്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 14 കോടി രൂപ ലാഭമുണ്ടാക്കുകയും 6.20 ശതമാനം ലാഭവിഹിതമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുണ്ട്- ഷേയ്ക്ക് പി.ഹാരീസ് കൂട്ടിച്ചേര്‍ത്തു. |
||
![]() |
![]() |