SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കോന്നി മെഡിക്കല്‍ കോളേജിന്റെ തറക്കല്ലിടീല്‍ 25ന്
January 3, 2013, 2:33 am

പത്തനംതിട്ട: ജില്ലയ്ക്ക് പുതുവര്‍ഷ സമ്മാനം. കോന്നി മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപന കര്‍മം 25ന് മൂന്നുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കോളേജിനായി കണ്ടെത്തിയ സ്ഥലത്തിനടുത്ത് വട്ടമണ്ണിലാണ് ചടങ്ങ്. ബജറ്റില്‍ വകയിരുത്തിയ തുകയും നബാര്‍ഡില്‍ നിന്നു ലഭിക്കുന്നതും ചേര്‍ത്ത് 200 കോടിയോളം ചെലവാക്കിയാണ് നിര്‍മാണത്തിന്റെ ആദ്യഘട്ടം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലൈഫ് കെയറിനാണ് നിര്‍മാണ ചുമതല. പ്ളാന്‍ അംഗീകരിച്ചിട്ടുണ്ട്. ലൈഫ് കെയര്‍ അധികൃതര്‍ സ്ഥലം പരിശോധിച്ചു. അരുവാപ്പലം പഞ്ചായത്തില്‍ മണ്ണു സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ 114 ഏക്കറില്‍ നിന്നാണ് മെഡിക്കല്‍ കോളേജിന് 50 ഏക്കര്‍ കണ്ടെത്തിയത്. നേരത്തെ ഇവിടെനിന്ന് 35 ഏക്കര്‍ ഭക്ഷ്യ ഗവേഷണ കേന്ദ്രത്തിനായി നല്‍കിയിരുന്നു. ഇതെല്ലാം യോജിപ്പിച്ച് ടൌണ്‍ഷിപ്പായി വികസിപ്പിക്കാന്‍ നടപടി തുടങ്ങി. കോളേജില്‍ 100 സീറ്റ് അനുവദിക്കാനാണ് ശ്രമം. ക്ളാസുകള്‍ അടുത്ത അധ്യയന വര്‍ഷത്തിലാരംഭിക്കാന്‍ ശ്രമിക്കുന്നുണ്ട്. കെട്ടിടം പൂര്‍ത്തിയായാല്‍ കോഴ്സിന് അപേക്ഷിക്കാം. ആശുപത്രികളുടെ പണികളും ഉടന്‍ തുടങ്ങും. ചികിത്സാസൌകര്യം എത്രയുംവേഗം തുടങ്ങാന്‍ ശ്രമിക്കുന്നു. സര്‍ക്കാരിന്റെ കാലത്തുതന്നെ പദ്ധതി പൂര്‍ത്തിയാക്കണമെന്നാണാഗ്രഹം. മെഡിക്കല്‍ കോളേജിന് അനുബന്ധമായി ചില സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ട്. മരുന്ന് പരിശോധനാ ലാബ് ഉള്‍പ്പെടെയുള്ള ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. നാല് ഏക്കറില്‍ കേന്ദ്രീയ വിദ്യാലയം തുടങ്ങാന്‍ കളക്ടര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ശബരിമലയുടെ പ്രാധാന്യവും ജില്ലയുടെ പരാധീനതകളും പരിഗണിച്ചാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നതെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.