SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അവയവദാന പുണ്യത്തില്‍ പങ്കുചേരാന്‍ നിങ്ങള്‍ക്കും പരിശീലകരാകാം
December 18, 2012, 3:29 am

തൃശ്ശൂര്‍: അവയവദാനവുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്താനും സംശയങ്ങള്‍ തീര്‍ക്കാനും ഓരോ ജില്ലയിലും രൂപീകരിക്കപ്പെടുന്ന സംഘങ്ങളെ പരിശീലിപ്പിക്കാന്‍ നിങ്ങള്‍ക്കും അവസരം. മലയാള മനോരമയും കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നു നടത്തുന്ന അവയവദാന ബോധവത്കരണ ശില്‍പശാലയിലൂടെയാണു സേവനമാര്‍ഗം നിങ്ങള്‍ക്കു മുന്നില്‍ തുറക്കുന്നത്. 28ന് 9.30 മുതല്‍ 5.30 വരെ തൃശ്ശൂര്‍ വടക്കേകര സ്റ്റാന്‍ഡ് പരിസരത്തെ മംഗള ടവേഴ്സിലാണ് ശില്‍പശാല. മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവങ്ങള്‍ മണ്ണിനു വിട്ടുകൊടുക്കാതെ ആയുസ് കാത്തിരിക്കുന്ന രോഗികള്‍ക്കു വച്ചു പിടിപ്പിക്കുന്നതിനു സര്‍ക്കാര്‍ അമൃതസഞ്ജീവിനി പദ്ധതി ആവിഷ്കരിച്ച പശ്ചാതലത്തിലാണിത് കിഡ്നി ഫെഡറേഷന്‍സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമ്മേല്‍ നയിച്ച മാനവകാരുണ്യയാത്രയുടെയും മലയാളമനോരമ അവയവം ആയുസ്സും കടന്ന് പരമ്പരയുടെയും തുടര്‍ച്ചയാണ് ശില്‍പശാല. മൃതസഞ്ജീവിനി പദ്ധതി എന്താണ്, ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ എന്തൊക്കെ, മസ്തിഷ്ക മരണം എന്നാലെന്ത്, അവയവദാനം നടത്താന്‍ തയ്യാറായ വ്യക്തി മരിച്ചാല്‍ ബന്ധുക്കള്‍ എന്തു ചെയ്യണം. ശരീരം മുഴുവനും മെഡിക്കല്‍ കോളേജിന് ദാനം ചെയ്യാന്‍ താല്‍പര്യമുളളവര്‍ ആരെ സമീപിക്കണം തുടങ്ങി അവയവദാന മേഖലയിലെ അടിസ്ഥാന വിവരങ്ങളില്‍ അറിവു നേടാനും നിങ്ങളുടെ നാട്ടില്‍ പരിശീലകരാകാനുമുളള അവസരമാണു ശില്‍പശാല മുന്നോട്ട് വെയ്ക്കുന്നത്. മൃത സഞ്ജീവിനി പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, കോഴിക്കോട് ഡോ. മിംസിലെ ഡോ.എസ്.എന്‍.ഇസ്മായില്‍, എറണാകുളം അമൃത ആശുപത്രിയിലെ ഡോ. ദിനേഷ് ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുളള വിദഗ്ധ ഡോക്ടര്‍മാര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക് പങ്കെടുക്കാം. ഇവരില്‍ നിന്ന് 50 പേരെ പരിശീലകരായി തിരഞ്ഞെടുക്കും. നിസ്വാര്‍ഥ സേവനം ചെയ്യാന്‍ താല്‍പര്യവും ബോധവത്കരണം നടത്താന്‍ മികവുളളവരെയാണു പരിഗണിക്കുന്നത്. സൌജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പറുകള്‍ 0487 2320302, 0487 232299 (രാവിലെ 10 മുതല്‍ അഞ്ചു വരെ)