SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇടുക്കി വിമാനത്താവളം: എയര്‍പോര്‍ട്ട് അതോറിറ്റി അനുമതി നല്‍കി
December 18, 2012, 2:02 am

കോട്ടയം: ഇടുക്കി ജില്ലയിലെ കുമളിക്ക് സമീപം അണക്കരിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. നിര്‍മാണ ചെലവിന്റെ 20 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കാമെന്നും സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ (വിജിഎഫ്) നിന്നാണ് തുക അനുവദിക്കുക. ഗ്രീന്‍ ഫീല്‍ഡ് ഫീഡര്‍ എയര്‍പോര്‍ട്ട് എന്ന പേരിലാണ് ഈ വിമാനത്താവളം അറിയപ്പെടുക. പൊതു-സ്വകാര്യ പങ്കാളിത്തതോടെ (പിപിപി) നിര്‍മാണം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയും ഈയിടെ ലഭിച്ചിരുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിഡി) ആണ് വിമാനത്താവള നിര്‍മാണത്തിന്റെ നോഡല്‍ ഏജന്‍സി. 500 ഏക്കര്‍ ഭൂമിയാകും ആദ്യഘട്ടത്തില്‍ ഏറ്റെടുക്കേണ്ടത്. ഗോള്‍ഫ് ക്ളബ്, അഡ്വഞ്ചെര്‍ ടൂറിസം, സ്പോര്‍ട്സ്, ഫ്ളയിങ് ക്ളബ്, എന്നിവയ്ക്ക് കൂടി സ്ഥലം കണ്ടെത്താനും പദ്ധതിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിമാനത്താവളത്തിനോടടുത്ത് വേണ്ട സ്ഥാപനങ്ങളുടെ സാധ്യത പരിശോധിക്കാനാവശ്യപ്പെട്ട് എല്ലാ വകുപ്പുകളില്‍ നിന്നും സര്‍ക്കാര്‍ അനുബന്ധ പ്രസ്ഥാനങ്ങളില്‍നിന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. ഇടുക്കി-കുമളി സംസ്ഥാന ഹൈവേയില്‍ നിന്ന് രണ്ട് കിലോമീറ്ററും പെരിയാര്‍ കടുവ സംരക്ഷണകേന്ദ്രത്തില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെയുമാണ് നിര്‍ദിഷ്ട വിമാനത്താവളം വരുന്നത്. വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ സുഗന്ധദ്രവ്യ വ്യാപാര ടൂറിസം ഉള്‍പ്പെടെയുളളവ ഇടുക്കിയുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടും.