SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ചില്ലറ ക്ഷാമം; ശബരിമലയിലെ 25% നാണയം റിസര്‍വ് ബാങ്കിന്
December 14, 2012, 2:34 am

ശബരിമല: സംസ്ഥാനത്തെ ചില്ലറക്ഷാമം പരിഹരിക്കാന്‍ സന്നിധാനത്തിലും പമ്പയിലും കാണിക്കയായി ലഭിക്കുന്ന നാണയത്തിന്റെ 25% റിസര്‍വ് ബാങ്കിന്. എല്ലാ വര്‍ഷവും തീര്‍ഥാടനത്തിലൂടെ കോടികണക്കിനു രൂപയുടെ നാണയമാണു ശബരിമലയില്‍ ലഭിക്കുന്നത്. കാണിക്ക കൈകാര്യം ചെയ്യുന്ന ധനലക്ഷമി ബാങ്കിന് ഇഷ്ടമുളളവര്‍ക്ക് നാണയം നല്‍കാമായിരുന്നു. എന്നാല്‍ ഇത്തവണ അതുപറ്റില്ല. ഇവിടെ ലഭിക്കുന്ന നാണയത്തിന്റെ 25% നല്‍കണമെന്ന നിര്‍ദേശം ആദ്യമായാണ് ആര്‍ബിഐ മുന്നോട്ട് വെയ്ക്കുന്നത്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാണയം ലഭിക്കുന്ന കേന്ദ്രം എന്ന നിലയിലും ശബരിമലയിലെ  തീരുവീതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇടപാടുകള്‍ നടത്തുന്ന ധനകാര്യ സ്ഥാപനം എന്ന നിലയിലുമാണു ധനലക്ഷമി ബാങ്കിന് ആര്‍ബിഐ ഇത്തരം നിര്‍ദേശം നല്‍കിയത്. സന്നിധാനത്തിലെയും പമ്പയിലെയും ദേവസ്വം ബോര്‍ഡിന്റെ എല്ലാ ഇടപാടുകളും ധനലക്ഷമി ബാങ്കുവഴിയാണു നടക്കുന്നത്. ദേവസ്വം ജീവനക്കാര്‍ സന്നിധാനത്തിലെയും പമ്പയിലെയും ഭണ്ഡാരത്തില്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന കാണിക്കപ്പണം ധനലക്ഷമി ബാങ്കിന്റെ ജീവനക്കാര്‍ നേരിട്ട് എത്തിയാണ് ഏറ്റുവാങ്ങുന്നത്. കാണിക്കയിലെ നല്ലൊരു ഭാഗവും നാണയമാണ്.  ചാക്കുകളിലാണ് നാണയം നിറയ്ക്കുന്നത്. ഒരു രൂപയുടെയും 50 പൈസയുടെയും ഒരു ചാക്ക് നാണയം 2000 രൂപയുടേതാണ്. ഒരു ചാക്ക് രണ്ടുരൂപ നാണയം 4000 രൂപയുടെയും അഞ്ചു രൂപയുടേത് ഒരു ചാക്ക് 5000 രൂപയുടേതുമാണ്. കഴിഞ്ഞ വര്‍ഷം 300 കോടിയില്‍ അധികം രൂപയുടെ നാണയം ലഭിച്ചതായാണ് ദേവസ്വം കണക്ക്. റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശം വന്നതോടെ സന്നിധാനത്തിലെ കച്ചവടക്കാര്‍ക്കു നാണയം നല്‍കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. കടകളുടെ സ്വഭാവം നോക്കിയാണ് നാണയം നല്‍കുന്നത്. ഒരു ഹോട്ടലിന് ഒരു വര്‍ഷം പരമാവധി നാലു ലക്ഷം രൂപയുടെ നാണയയം നല്‍കും. ഒന്നിച്ചു നല്‍കില്ല. ദിവസം പരമാവധി 10,000 രൂപയുടെ നാണയം മാത്രം.