SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വ്യവസായ വകുപ്പ് ഒമ്പതു പദ്ധതികള്‍ നിര്‍ത്തലാക്കി
December 10, 2012, 4:28 am

കണ്ണൂര്‍: ലഘു ചെറുകിട, ഇടത്തരം, വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനായി സംസ്ഥാനത്ത് വ്യവസായ വകുപ്പ് നടപ്പാക്കിയിരുന്ന ഒമ്പതു പദ്ധതികള്‍ നിര്‍ത്തലാക്കി. ഇവയ്ക്കു പകരം നടപ്പാക്കാനുദ്ദേശിച്ച സംരംഭക പിന്തുണയ്ക്കല്‍ പദ്ധതി ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. ഫലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം വ്യവസായ വകുപ്പിന് നടപ്പാക്കാന്‍ പദ്ധതികള്‍ ഒന്നുമില്ലാത്ത സ്ഥിതിയാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി മൂന്നുമാസം മാത്രമാണ് ബാക്കി. പദ്ധതി നടത്തിപ്പിനു ചുക്കാന്‍ പിടിച്ചിരുന്ന എല്ലാ ജില്ലാ വ്യവസായ കേന്ദ്ര സ്തംഭനത്തിലാണ്. വനിതാ വ്യവസായ പദ്ധതി, ചെറുകിട വ്യവസായങ്ങള്‍ക്കുളള മാര്‍ജിന്‍ മണി വായ്പ പദ്ധതി, കേരള പ്രവാസി കേരളീയര്‍ ചെറുകിട വ്യവസായങ്ങള്‍ക്കുളള മാര്‍ജിന്‍ മണി വായ്പ പദ്ധതി, സംസ്ഥാന നിക്ഷേപ വികസന ഫണ്ട്, ലഘു ചെറുകിട വ്യവസായങ്ങള്‍ക്ക് ഒറ്റത്തവണ ഗ്യാരന്റി ഫീസും വാര്‍ഷിക സര്‍വീസ് ഫീസും തിരികെ നല്‍കുന്ന പദ്ധതി, വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്കുളള സ്വയം തൊഴില്‍ പദ്ധതി, വനിതാ വ്യവസായങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കാനുളള പദ്ധതി, പഴം, പച്ചക്കറി അടിസ്ഥാനമാക്കിയുളള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുളള പദ്ധതി എന്നിവയാണ് നിര്‍ത്തലാക്കിയത്. ഈ ഒമ്പത് പദ്ധതികളും സംയോജിപ്പിച്ച് സംരംഭക പിന്തുണയ്ക്കല്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി വ്യവസായ വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. പദ്ധതിയുടെ മാര്‍ഗരേഖ തയ്യാറായാല്‍ ഉടനെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. പദ്ധതികള്‍ ലളിതമാക്കുന്നതിനും മറ്റ് നൂലാമാലകള്‍ ഒഴിവാക്കുന്നതിനും സംരംഭകര്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതിനുമാണ് ഇവ സംയോജിപ്പിക്കുന്നതെന്നാണ് വ്യവസായ വകുപ്പിന്റെ വിശദീകരണം.

 
 

OTHER NEWS FROM THIS SECTION


more news