SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മുന്‍പ്രധാനമന്ത്രി ഐ.കെ.ഗുജ്റാള്‍ (93)അന്തരിച്ചു
November 30, 2012, 4:32 am

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാള്‍ (93) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഗുഡ്ഗാവ് മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഡയാലിസിസിനു വിധേയനാകുകയായിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ഝലം ജില്ലയില്‍ 1919 ഡിസംബര്‍ നാലിനാണ് ഐ.കെ. ഗുജ്റാള്‍ എന്ന ഇന്ദര്‍ കുമാര്‍ ഗുജുറാളിന്റെ ജനനം. അവ്താര്‍ നാരായണന്‍ ഗുജുറാളിന്റെയും പുഷ്പഗുജറാളിന്റെയും മകനായ അദ്ദേഹം മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കൊപ്പം സ്വാതന്ത്യ്ര സമരത്തില്‍ പങ്കെടുത്തു. കാലിത്തീറ്റ കുംഭകോണത്തില്‍ അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ രാജി, കുംഭകോണ കേസ് അന്വേഷിച്ച സിബിഐ ഡയറക്ടര്‍ ജോഗീന്ദര്‍ സിങ്ങിനെ സ്ഥാനത്തുനിന്നു നീക്കിയത്, തുടര്‍ന്ന് ജനതാള്‍ വിട്ട് ലാലുവിന്റെ രാഷ്ട്രീയ ജനതാള്‍ പാര്‍ട്ടി (ആര്‍ജെഡി) രൂപികരണം, ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം വേണമെന്ന നിര്‍ദേശം, രാജീവ്ഗാന്ധിവധക്കേസ് അന്വേഷിച്ച ജെയിന്‍ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് പരസ്യമായി തുടങ്ങിയവയായിരുന്നു ഗുജുറാളിന്റെ നേതൃത്വത്തിലുളള സര്‍ക്കാരിനു നേരിടേണ്ടി വന്ന വെല്ലുവിളികള്‍.

ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയായി 1997 ഏപ്രിലിലാണ് ഗുജറാള്‍ അധികാരമേറ്റത്. 1997 ഏപ്രില്‍ 21 മുതല്‍ 1998 മാര്‍ച്ച് 19 വരെ അദ്ദേഹം പ്രധാനമന്ത്രിപദം വഹിച്ചു. സ്വതന്ത്യ്രസമര സേനാനിയായിരുന്ന  ഗുജ്റാള്‍, ക്വിറ്റിന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് 1942-ല്‍ ജയില്‍വാസം അനുഭവിച്ചു. ഒന്നാം ഗള്‍ഫ് യുദ്ധക്കാലത്ത് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നല്‍കി. ഐ.കെ.ഗുജ്റാള്‍ എന്ന ഇന്ദര്‍കുമാര്‍ ഗുജ്റാള്‍, ഇന്ദിരാഗാന്ധി, വി.പി.സിങ്, ദേവഗൌഡ എന്നിവര്‍ക്ക് കീഴില്‍ കേന്ദ്രമന്ത്രിയായിരുന്നു. പാര്‍ലമെന്ററികാര്യം, വാര്‍ത്താവിനിമയ പ്രക്ഷേപണം, പൊതുമരാമത്ത്, ആസൂത്രണം, വിദേശകാര്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. റഷ്യയിലെ ഇന്ത്യയുടെ സ്ഥാനപതിയായിരുന്ന അദ്ദേഹം പ്രശസ്തനായ നയതന്ത്രപ്രതിനിധി എന്ന നിലയ്ക്കും കഴിവ് തെളിയിച്ചിട്ടുണ്ട്. ‘മാറ്റേഴ്സ് ഓഫ് ഡിസ്ക്രീഷന്‍’ എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥ. ഉറുദുഭാഷയില്‍ നിപുണ്യനായിരുന്ന അദ്ദേഹം കാവ്യശകലങ്ങള്‍ ഉദ്ധരിച്ചാണ് പ്രസംഗിച്ചത്. അഞ്ച് അയല്‍ രാജ്യങ്ങളുമായി നടപ്പാക്കിയ നയതന്ത്രസമീപനങ്ങള്‍ ഗുജ്റാള്‍ നയതന്ത്രം എന്ന പേരില്‍ അറിയപ്പെട്ടു. 1999 മുതല്‍ സജീവരാഷ്ട്രീയം വിട്ടു. 57 രാജ്യങ്ങളിലെ മുന്‍പ്രസിഡന്റുമാരും മുന്‍പ്രധാനമന്ത്രിമാരും ചേര്‍ന്നു രൂപീകരിച്ച ക്ളബ് ഓഫീസ് മാഡ്രിഡില്‍ അംഗമായി.