SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ബസേലിയോസ് മാര്‍ ക്ളീമിസ് കര്‍ദിനാള്‍ പദവിയിലേക്ക്
November 24, 2012, 2:57 am

വത്തിക്കാന്‍ സിറ്റി: അത്യുന്നതന്റെ നിഴലിലേക്ക് ചേര്‍ത്തുനിര്‍ത്തി ബസേലിയോസ് മാര്‍ ക്ളീമിസിനെ മാര്‍പാപ്പ കര്‍ദിനാളായി ഇന്ന് അഭിഷേകം ചെയ്യും. പാരമ്പര്യവും പരിശുദ്ധിയും വെണ്‍മ പകരുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഭാരതീയ സംസ്കൃതിയോട് പ്രതിബന്ധത നിലനിര്‍ത്തും വിധമാണ് സ്ഥാനാരോഹണം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് അഭിഷേക ചടങ്ങുകള്‍ ആരംഭിക്കുക. കര്‍ദിനാള്‍ അഭിഷേകത്തിന് ഭാരത്തിന്റെ കൈയൊപ്പ് റോമിന് ആദ്യ അനുഭവമാണ്. മാര്‍ക്ളീമിനൊപ്പം കത്തോലിക്ക സഭയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുളള അഞ്ച് ബിഷപ്പുമാര്‍ ഈ അത്യുന്നത പദവിയിലേക്ക് ഉയരുന്നുണ്ട്. ഓരോരുത്തരുടേയും ഊഴം എത്തുമ്പോള്‍ പ്രത്യേക പ്രാര്‍ത്ഥനയുണ്ടാകും. സാധാരണ ലാറ്റിന്‍ ഭാഷയാണ്. തന്റെ സമയമാകുമ്പോള്‍ പ്രാര്‍ത്ഥന ഹിന്ദിയില്‍ വേണമെന്ന് മാര്‍ക്ളീമിസ് വത്തിക്കാന്‍ കാര്യാലയത്തില്‍ താത്പര്യം അറിയിച്ചിരുന്നു. പ്രാര്‍ത്ഥനയുടെ ഹിന്ദി പരിഭാഷയും തയ്യാറാക്കിയിട്ടുണ്ട്. അതത് നാടിന്റെ പാരമ്പര്യത്തോട് താദാത്മ്യം പ്രാപിച്ചായിരിക്കണം ഒരോസ്ഥലത്തും സഭ പ്രവര്‍ത്തിക്കേണ്ടതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രഭാഷയില്‍ അഭിഷേക പ്രാര്‍ത്ഥന വേണമെന്ന താത്പര്യത്തിന് പ്രേരണയായത്. ഹിന്ദിയില്‍ പ്രാര്‍ത്ഥന അനുവദിക്കപ്പെടുമെന്നാണ് പ്രതീക്ഷ. വിശ്വാസ പ്രഖ്യാപനത്തിന്റെയും പുതിയ ഉടമ്പടിയുടെയും സങ്കീര്‍ത്തനങ്ങള്‍ മുഴങ്ങുന്ന സ്ഥാനാരോഹണ ചടങ്ങില്‍ പാരമ്പര്യത്തിന്റെ മുടിത്തൊപ്പിയും ഉയര്‍ന്നു നില്‍ക്കും. സാധാരണ കര്‍ദിനാള്‍മാര്‍ക്ക് ചുവന്ന് പരന്ന തൊപ്പിയാണ് സ്ഥാന ചിഹ്നമായി ലഭിക്കുക. എന്നാല്‍ മലങ്കര കത്തോലിക്കാസഭ പിന്തുടരുന്ന അന്ത്യോഖ്യന്‍ പാരമ്പര്യവും ആചാര, അനുഷ്ഠാന രീതിയും കൈവിടാതെയുള്ള ഒത്തുതീര്‍പ്പ് ഇതിലും കാണാം. അന്ത്യോഖ്യന്‍ രീതിയില്‍ മേല്‍പ്പട്ടക്കാരുടെ ശിരോവസ്ത്രമായ മസനപ്സയിലും ചെറിയ മാറ്റം വരുത്തി കര്‍ദിനാള്‍വത്കരിക്കും. കറുത്ത തുണിയില്‍ 12വെള്ള കുരിശാണ് ഇരുഭാഗത്തുമായി മസനപ്സയിലുള്ളത്. വെള്ളയ്ക്കു പകരം കര്‍ദിനാളിന്റെ ചുവപ്പ് നിറം ഈ കുരിശുകള്‍ക്ക് നല്‍കും. ക്രിസ്തുവിന്റെ 12 ശിഷ്യന്മാരെ സ്മരിച്ചാണ് ഇത്രയും കുരിശുകള്‍ ശിരോവസ്ത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. ആഗോള കത്തോലിക്കാ കൂട്ടായ്മയില്‍ മലങ്കര കത്തോലിക്കാ സഭയുടെ വ്യക്തിത്വവും പ്രസക്തിയും അടിവരയിടുന്നതാണ് കര്‍ദിനാള്‍ സ്ഥാനലബ്ധി.