SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ലോകത്ത് ആദ്യമായി നാലു നമ്പരുകളില്‍ ഫോണ്‍
November 13, 2012, 12:43 am

കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിന് പരിഹാരമായി ടെക്നോപാര്‍ക്കിലെ ആക്സന്‍ഷിയ ടെക്നോളജീസ് രൂപം നല്‍കിയ സേഫ്കോം മൊബൈല്‍ ഫോണ്‍ വിപണിയിലെത്തുന്നു.സാധാരണ മൊബൈല്‍ ഫോണിന്റെ പകുതി വലിപ്പമുള്ള ഈ ഫോണിലേക്കു ഫീഡ് ചെയ്തു വച്ചിരിക്കുന്ന നാലു നമ്പരുകളില്‍നിന്നു മാത്രമേ കോള്‍ വരൂ. ഈ നാലു നമ്പരുകളിലേക്കു മാത്രമേ കുട്ടിക്കു വിളിക്കാനും കഴിയൂ.

അച്ഛനമ്മമാരുടെയും, സ്കൂളിന്റെയോ മറ്റോ നാലു നമ്പരുകള്‍ സെറ്റ് ചെയ്തു വയ്ക്കാം. എം1, എം2,എം3, എം4 എന്നിങ്ങനെയാണു ഫോണില്‍ നമ്പരുകളുടെ കീകളുള്ളത്. എസ്എംഎസില്ല, ഇന്റര്‍നെറ്റില്ല. എന്നാല്‍ ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) ഉണ്ട്. കുട്ടി എവിടെയുണ്ടെന്നറിയണമെങ്കില്‍ ഫീഡ് ചെയ്തുവച്ചിരിക്കുന്ന ആദ്യ രണ്ടു നമ്പരുകളിലൊന്നില്‍ നിന്ന് എസ്എംഎസ് അയയ്ക്കുക. എവിടെ നില്‍ക്കുന്നുവെന്നു മറുപടി സന്ദേശം ലഭിക്കും. ഫോണിലെ  എസ്ഒഎസ് ബട്ടണ്‍ ഞെക്കിയാല്‍ എം വണ്ണിലേക്കു കോള്‍ പോകും. അത് എന്‍ഗേജ്ഡ് എങ്കില്‍ എംടുവിലേക്ക്. അച്ഛനോ അമ്മയോ  ആകാം ഈ രണ്ടു നമ്പരുകളിലും. മാത്രമല്ല, സ്കൂളിന്റെ പ്രവര്‍ത്തന സമയത്ത് ഫോണ്‍ പ്രവര്‍ത്തിക്കാതിരിക്കാനും സമയം സെറ്റ് ചെയ്യാം. അലാറം സെറ്റ് ചെയ്യാം. എംവണ്‍, എംടു നമ്പരുകളില്‍ നിന്ന് എസ്എംഎസ് നല്‍കിയാണ് ഇവ സെറ്റ് ചെയ്യുക.

കുട്ടികള്‍ക്കു മാത്രമല്ല പ്രായമായവര്‍ക്കും ഇതേ ഫോണ്‍ ഉപയോഗപ്പെടുമെന്നതാണു കൌതുകകരം. ജിപിഎസ് ഉള്ളതിനാല്‍ ഉല്‍പന്ന വിതരണ രംഗത്തുള്ള ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടോ എന്നറിയാനും ഇതേ ഫോണ്‍ പ്രയോജനപ്പെടും. ജീവനക്കാരന്‍ വീട്ടിലാണോ പോകേണ്ട ജോലി സ്ഥലങ്ങളിലാണോ എന്ന് എസ്എംഎസിലൂടെ അറിയാം. സേഫ് കോം ഫോണുകള്‍ എല്ലാ മൊബൈല്‍ കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമാക്കുമെന്ന് ആക്സന്‍ഷിയ സിഇഒ പ്രദീപ് വിശ്വംഭരന്‍ അറിയിച്ചു. 15നാണ് വിപണിയിലെത്തുന്നത്. വില 2999 രൂപ.